
About us
About Us
നാനാജാതി മതസ്ഥരുടെ പൊതുവായ, ഗൗഡസാരസ്വത ബ്രാഹ്മണസമുദായത്തിന്റെ പ്രത്യേകമായും ഉള്ള വിദ്യാഭ്യാസം പുരോഗമിക്കുന്നതിനും സാക്ഷരത്വം വര്‍ദ്ധിപ്പിക്കുന്നതിനുമായി അന്നത്തെ അധികാരിയായിരുന്ന ശ്രീ ചങ്ങനാശ്ശേരി എന്‍.ശ്രീനിവാസക്കമ്മത്തി അവര്‍കള്‍ 1085-ാം മാണ്ടില്‍ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങുന്നതിന് ദേവസ്വം വക വലിയകളത്തില്‍ ഒരു കെട്ടിടം പണിയുകയുണ്ടായി. അവിടെ ഒരു കുടിപ്പള്ളിക്കൂടവും ഒരു വേദപാഠശാലയും അന്ന് നടന്നുകൊണ്ടിരുന്നു. മിഡില്‍ സ്‌കൂള്‍ തുടങ്ങുന്നതിലേക്ക് അനുവാദത്തിന് ദേവസ്വം അധികാരി ശ്രീ.വി.ശ്രീനിവാസ നായ്ക്കന്‍ അവര്‍കള്‍ അപേക്ഷിക്കുകയും , അടുത്തുള്ള സ്‌കൂളുകാരുടെ നിവേദനഫലമായി സ്‌കൂള്‍ അനുവദിക്കണമോ വേണ്ടയോ എന്ന പ്രശ്‌നം ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേക ശ്രദ്ധയ്ക്ക് വിഷയീഭവിക്കുകയും ചെയ്തു. പ്രസ്തുത പ്രശ്‌നത്തെപ്പറ്റി നേരിട്ട് അന്വേക്ഷിക്കുന്നതിനായി അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഹഡ്‌സണ്‍ സായ്പ്പ് 1097 മേടമാസത്തില്‍ സ്ഥലത്തെത്തിച്ചേര്‍ന്നു. തൈക്കാട്ടുശ്ശേരി കായല്‍ കടന്ന് വിദ്യാഭ്യാസത്തിനുവേണ്ടി തൈക്കാട്ടുശ്ശേരി ഹൈസ്‌ക്കൂളിലേക്കുപോകേണ്ടിവരുന്നതിന്റെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കി 1097 ഇടവത്തില്‍ സ്‌കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദം നല്‍കി.
പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി ശ്രീ.ശ്രീനിവാസക്കമ്മത്തി അവര്‍കള്‍ പണിയിച്ചതായ ആ കെട്ടിടത്തിലാണ് 1097 ഇടവം 9-ാം തീയതി ടി.ഡി.ഇ.മിഡില്‍ സ്‌കൂള്‍ ,തുറവൂര്‍ എന്ന നാമധേയത്തില്‍ പ്രിപ്പറേറ്ററി ക്‌ളാസും ഒന്നാം ഫോറവും ഉള്‍ക്കൊള്ളുന്ന ഒരു സ്‌കൂള്‍ അന്ന് പറവൂര്‍ ഡിസ്ട്രിക്ട് ജഡ്ജിയായിരുന്ന ശ്രീയുത്.എന്‍.ജി.നാരായണറാവു ഉദ്ഘാടനം ചെയ്തു. 1118 ഇടവമാസത്തില്‍ സ്‌കൂളിനോട് അനുബന്ധിച്ച് ഒരു മലയാളം ഹൈസ്‌ക്കൂളും ഒരു സംസ്‌കൃതം ഹൈസ്‌ക്കൂളും ആരംഭിച്ചു. അഞ്ചുകൊല്ലം കൊണ്ട് സംസ്‌കൃത സ്‌ക്കൂള്‍ ഒരു പരിപൂര്‍ണ്ണ സ്‌കൂളായി ഉയര്‍ന്നു.
1121 ഇടവമാസത്തില്‍ (1946 ജൂണ്‍) സ്‌കൂളിനോടനുബന്ധിച്ച് ഒരു ട്രെയിനിംങ്ങ് സ്‌കൂളും അനുവദിക്കപ്പെട്ടു. 50 സീറ്റുള്ള ട്രെയിനിങ്ങ് സ്‌കൂളില്‍ 1954-55 സ്‌കൂള്‍ വര്‍ഷാന്ത്യത്തില്‍ 10 സീറ്റ് കൂടുതലായി അനുവദിക്കപ്പെട്ടു.
ഈ വിദ്യാലയത്തിന്റെ തുടക്കം കുറിക്കുന്നതിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചവരാണ് ശ്രീ.കെ.നരസിംഹപ്പൈ , ദേവസ്വത്തിന്റെ ഗുണകാംക്ഷിയും ദേവസ്വം വക്കീലുമായിരുന്ന ശ്രീ.കെ.എ.കൃഷ്ണയ്യാങ്കാര്‍, കമ്മറ്റിയിലെ സ്ഥലം മെമ്പര്‍ ശ്രീ.ബി.നരസിഹഷേണായ്, തിരുമല ദേവസ്വം അധികാരിയായിരുന്ന ശ്രീ.വി.ശ്രീനിവാസ നായ്ക്കന്‍ മുതല്‍പ്പേര്‍.
